കമ്പ്യൂട്ടര്‍ സാക്ഷരത

താഴെ പറയുന്ന വിഷയങ്ങളില്‍ തയ്യൂരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് thayyur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

തയ്യൂര്‍ ഗ്രാമത്തിന്‍റെ നേട്ടങ്ങളില്‍ മികച്ചതും ഏറ്റവും മഹത്തരവും ആയതാണ് 'ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം' എന്ന പദവി. 2003 സെപ്തംബര്‍ 7-ാം തയതിയാണ് ഈ ബഹുമതി തയ്യൂരിന് ലഭിച്ചത്. അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ ജി.കാര്‍ത്തികേയനാണ് തയ്യൂരിന് ഈ ബഹുമതി സമ്മാനിച്ചത്. വേലൂര്‍ പഞ്ചായത്തിലെ അംഗങ്ങളുടേയും തയ്യൂര്‍ ഗ്രാമനിവാസികളുടേയും അശ്രാന്തപരിശ്രമത്തിന്‍റെ ഭാഗമായാണ് ഈ ബഹുമതി പ്രാപ്തമാക്കിയത്. 2003 ലെ ഓണക്കാലത്തായിരുന്നു പ്രഖ്യാപനം. തയ്യൂരിന് അന്നു കിട്ടിയ ബഹുമതി എ.ഡി.ജയന്‍ എന്ന സാക്ഷരതാ പ്രാവര്‍ത്തകന്‍റെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു.

2003 ജനുവരിയിലാണ് എ.ഡി.ജയന്‍ എന്ന ജയന്‍ മാസ്റ്റര്‍ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയുമായി തയ്യൂര്‍ ഗവ. ഹൈസ്കൂളിലെത്തുന്നത്. കമ്പ്യൂട്ടര്‍ സാക്ഷരത എല്ലാവരിലേക്കും എത്തിക്കുക എന്നത് ജയന്‍ മാസ്റ്ററുടെ പഠന കാലത്തെ ഒരു സ്വപ്നമായിരുന്നു. തയ്യൂര്‍ ഗ്രാമത്തെ അടുത്തറിഞ്ഞപ്പോഴാണ് എന്തുകൊണ്ട് കമ്പ്യൂട്ടര്‍ സാക്ഷരത തയ്യൂരിലെ സാധാരണക്കാരിലേക്ക് എത്തിച്ചുകൂടാ എന്ന ചിന്ത വളര്‍ന്നത്. ഈ ചിന്തയാണ് പിന്നീട് ഇന്ത്യയിലെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം എന്ന യാഥാര്‍ത്യമായത്. പദ്ധതിക്കായി തയ്യൂര്‍ ഗവ. ഹൈസ്കൂളിലെ പി ടി എ യുടേയും വേലൂര്‍ ഗ്രാമ പഞ്ചായത്തിന്‍റേയു സഹായം ലഭിച്ചു. 2003 ജനുവരി മാസത്തിലാണ് സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിൽ വേലൂർ പഞ്ചായത്തിലെ അംഗങ്ങളും നാട്ടുകാരും എല്ലാ നിമിഷവും സജീവ സന്നദ്ദരായിരുന്നു. കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമത്തിന്റെ ആദ്യ പടിയായി വേലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ സാക്ഷരതാ സമിതി രൂപവത്കരിച്ച് ബോധവത്കരണ ക്ലാസ്സുകളും ചർച്ചകളും വിളംബര ജാഥയും സംഘടിപ്പിച്ചു. ഗ്രാമത്തിലെ സ്ത്രീ ശക്തി വനിതാ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബുകൾ വായനശാലകൾ എന്നിവയുടെ സഹകരണത്തിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കി. 20 ഓളം പേർക്ക് പ്രത്യേക പരിശീലനം നൽകി. നാല് കേന്ദ്രങ്ങളിലായി ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും ഒരാളെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ പരിപാടിയുടെ തുടക്കം. തയ്യൂർ ഗവൺ‌മെന്റ് ഹൈസ്കൂൾ, ഗ്രാമത്തിലെ വായനശാലകൾ എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ക്ലാസുകൾ സംഘടിപ്പിച്ചായിരുന്നു പദ്ധതി നടത്തിയത്. കൂലിപ്പണികാരും കർഷകരും ഉൾപ്പെടെയുള്ള ഗ്രാമവാസികളുടെ സൗകര്യവും ഒഴിവും നോക്കിയായിരുന്നു ക്ലാസുകൾ. ഇങ്ങനെ 5നും 70നും ഇടയിൽ പ്രായമുള്ള 550ഓളം പഠിതാക്കൾക്ക് കമ്പ്യൂട്ടറിനെപ്പറ്റി അടിസ്ഥാന വിവരങ്ങൾ നൽകാൻ പദ്ധതിക്കു കഴിഞ്ഞു.

നാലര മാസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. നാലര മാസങ്ങൾക്ക് ശേഷം ഗ്രാമത്തിലെ ഓരോ വീട്ടിലെ ഒരാളെയെങ്കിലും കമ്പ്യൂട്ടർ പഠിപ്പിക്കുകയെന്ന ലക്ഷ്യം 95 ശതമാനം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 2003 സെപ്തംബർ മാസം 7-ാം തിയതി നാട്ടുകാരുടേയും വേലൂർ പഞ്ചായത്തംഗങ്ങളുടേയും കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമശിൽപി ശ്രീ.എ.ഡി.ജയൻ മാസ്റ്ററുടേയും സാനിധ്യത്തിൽ വച്ച് സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.ജി.കാർത്തികേയൻ തയ്യൂരിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചു. ശ്രീ എ.ഡി.ജയൻ മാസ്റ്റർക്ക് രാജ്യത്തെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ ശിൽപി എന്ന ബഹുമതി സമ്മാനിക്കുകയും ചെയ്തു.